Kerala
ഇരിട്ടി : കാട്ടാനയാക്രമണത്തിൽ യുവാവ് കൊല്ലപ്പെടാൻ കാരണം ജില്ലാ ഭരണകൂടത്തിന്റെ നിസംഗതയാണെന്ന് ആരോപിച്ചു മൃതദേഹം മൂന്നു മണിക്കൂറോളം തടഞ്ഞുവച്ചു. പരിയാരം മെഡിക്കൽ കോളജിൽനിന്നു പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചകഴിഞ്ഞ് 3.30 ഓടെ മൃതദേഹവുമായെത്തിയ ആംബുലൻസ് ആദിവാസി നേതാവ് സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ ആദിവാസികൾ തടയുകയായിരുന്നു.
തങ്ങൾക്കുവേണ്ടി സംസാരിക്കാൻ ഒരു രാഷ്ട്രീയപാർട്ടിക്കാരും വരേണ്ടതില്ലെന്നു പ്രഖ്യാപിച്ചായിരുന്നു സമരം. പ്രതിഷേധം വൈകുന്നേരം ആറര വരെ നീണ്ടു. ജില്ലാ കളക്ടർ നേരിട്ടെത്തി ചർച്ച നടത്തണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. തുടർന്ന് കളക്ടറുടെ പ്രതിനിധിയായി തളിപ്പറന്പ് ആർഡിഒ സി.വി. പ്രകാശൻ സ്ഥലത്തെത്തി ചർച്ച നടത്തി.
കുടുംബത്തിന് നഷ്ടപരിഹാരത്തുകയുടെ ആദ്യഗഡു ഇന്ന് കൈമാറാമെന്നും അനീഷിന്റെ ഭാര്യയ്ക്ക് ജോലി, മക്കളുടെ വിദ്യാഭ്യാസം എന്നീ കാര്യങ്ങൾ സംബന്ധിച്ച കളക്ടറേറ്റിൽ യോഗം ചേർന്ന് അനുകൂല തീരുമാനമുണ്ടാക്കാമെന്നും സി.വി. പ്രകാശൻ ഉറപ്പുനൽകി.
ആനമതിൽ നിർമാണം മേയ് 30നുള്ളിൽ പൂർത്തിയാക്കുമെന്നും ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധക്കാർ അയഞ്ഞത്. പിന്നീട് ആറരയോടെ ആംബുലൻസിൽനിന്നു പുറത്തിറക്കിയ മൃതദേഹം വീടിനു സമീപം സംസ്കരിച്ചു.
Kerala
തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് അമയല്‍തൊട്ടിക്കു സമീപം ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീടു തകര്‍ത്തു. കൂറ്റന്‍ മരം കാട്ടാന വീടിനു മുകളിലേക്ക് മറിച്ചിടുകയായിരുന്നു. മരം വീണതിനെത്തുടര്‍ന്നു വീട് പൂര്‍ണമായും തകര്‍ന്നു.
നരിതൂക്കില്‍ ജോണിയുടെ വീടാണ് തകര്‍ന്നത്. ഇന്നു പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. പകല്‍ സമയം വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും കാട്ടാന ഭീതിയെത്തുടര്‍ന്ന് ഇന്നലെ രാത്രി ആരും തങ്ങാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. വലിയ തോതില്‍ കാട്ടാന ഭീഷണി നില നില്‍ക്കുന്നയിടമാണ് മുള്ളരിങ്ങാട് മേഖല.
2024 ഡിസംബര്‍ 29ന് അമയല്‍തൊട്ടി സ്വദേശി പാലിയത്ത് ഇബ്രാഹിമിന്റെ മകന് അമര്‍ ഇബ്രാഹിം (22) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സുഹൃത്ത് ബ്ലാങ്കരയില്‍ മന്‍സൂറിന് (41) പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെനിന്ന് 500 മീറ്റര്‍ മാത്രം ദൂരെയാണ് ഇപ്പോള്‍ കാട്ടാന ആക്രമണമുണ്ടായിരിക്കുന്നത്. വലിയ ശബ്ദം കേട്ടെങ്കിലും ഭീതി മൂലം ആളുകള്‍ പുറത്തിറങ്ങിയില്ല.
നേരം പുലര്‍ന്ന ശേഷം പ്രദേശവാസികള്‍ എത്തിയപ്പോഴാണ് വീടു തകര്‍ന്നു കിടക്കുന്നതു കണ്ടത്. കാട്ടാനയെ പ്രതിരോധിക്കാനുള്ള വൈദ്യുത വേലിയോടു ചേര്‍ന്നുനിന്ന മരമാണ് ആന മറിച്ചിട്ടത്. വൈദ്യുത വേലിയും തകര്‍ന്നിട്ടുണ്ട്. ഒട്ടേറെ മരങ്ങളും കാര്‍ഷിക വിളകളും തകര്‍ത്ത ശേഷമാണ് കാട്ടാന പിന്‍വാങ്ങിയത്. സംഭവമറിഞ്ഞ് കോതമംഗലം ഡിഎഫ്ഒ ഉള്‍പ്പെടെ വനംവകുപ്പുദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് അറയ്ക്കത്തോട്ടവും ജന പ്രതിനിധികളും റവന്യു അധികൃതരും സ്ഥലത്തെത്തി.
Kerala
പാലക്കാട്: കടുവ സെൻസസിനിടെ കാണാതായ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് കാട്ടാന ആക്രമണത്തിൽ മരിച്ചു. പുതൂർ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം.
സെൻസസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അറിയിച്ചതിനെ തുടർന്ന് ആർആർടി സംഘം നടത്തിയ തിരച്ചിലിലാണ് മുള്ളി വനമേഖലയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
പുതൂരിൽ കഴിഞ്ഞ ദിവസം അഞ്ചംഗ വനപാലക സംഘം കാട്ടിൽ കുടുങ്ങിയിരുന്നു. ഇതേ മേഖലയിലാണ് ഇന്ന് ദാരുണസംഭവമുണ്ടായത്.
Kerala
തൃശൂർ: പുതുക്കാട് ഇഞ്ചക്കുണ്ട് പന്തുപാറ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. നാല് ആനകളാണ് പറമ്പുകളില്‍ എത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. കൊട്ടിശേരി സണ്ണിയുടെ പറമ്പിലെ 200 ഓളം വാഴകളും വിളവെടുക്കാറായ 500 ഓളം മുളക് തൈകളും റബര്‍ മരങ്ങളും ആനകള്‍ നശിപ്പിച്ചു. മന്ത്രിക്കുത്ത് ഹനീഫ, എടത്തിനാല്‍ മാണി, കൈതിക്കല്‍ തോമസ്, നീണ്ടുതലിക്കല്‍ ജസ്റ്റില് എന്നിവരുടെ പറമ്പുകളിലും ആനകള്‍ ഇറങ്ങി കൃഷി നശിപ്പിച്ചു.
പറമ്പുകളുടെ വേലിയും ആനകള്‍ തകര്‍ത്ത നിലയിലാണ്. ആനകള്‍ കൃഷി നശിപ്പിക്കുന്നത് കണ്ട കര്‍ഷകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരെത്തിയാണ് ഇവയെ കാടുകയറ്റിയത്.
ഏറ്റവും കൂടുതല്‍ കൃഷിനാശം സംഭവിച്ച സണ്ണിയുടെ പറമ്പില്‍ നാലാം തവണയാണ് ആനകള്‍ എത്തുന്നത്. മുന്‍പ് കൃഷി നശിപ്പിച്ചതിന്റെ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചില്ലെന്നും കര്ഷകന് പറയുന്നു.